ത്രിപുര കോൺഗ്രസ് ആസ്ഥാനം
ബിജെപി ആക്രമിച്ചു
Monday, June 27, 2022 12:27 AM IST
അഗർത്തല: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ത്രിപുരയിലെ കോൺഗ്രസ് ആസ്ഥാനത്തിനു നേരേ ബിജെപി ആക്രമണം. അക്രമസംഭവങ്ങളിൽ 19 പേർക്ക് പരിക്കേറ്റു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബ്രിജിത് സിൻഹയ്ക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. വയറ്റിൽ മുറിവുകളോടെ സിൻഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലു സീറ്റുകളിൽ അഗർത്തല ഒഴികെ മൂന്നിടത്തും ബിജെപിയാണ് വിജയിച്ചത്.
ഐജിഎം ആശുപത്രിക്കു സമീപത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മടങ്ങിയ ബിജെപി കൗൺസിലർ ശിൽപി സെന്നും കോൺഗ്രസ് പ്രവർത്തകരുമായി ചെറിയതോതിൽ തർക്കമുണ്ടായിരുന്നു. ഇതിനുശേഷം അഗർത്തലയിലെ വിജയിയായ സ്ഥാനാർഥി സുദീപ് റോയി ബർമനൊപ്പം പ്രവർത്തകർ ഉച്ചകഴിഞ്ഞ് കോൺഗ്രസ് ഭവനിൽ തിരിച്ചെത്തി ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പുകൾക്കിടെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ കോൺഗ്രസ് ഭവനിലേക്ക് ഇരച്ചെത്തുകയായിരുന്നു. കോൺഗ്രസ് ഓഫീസിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടച്ചു. ബിജെപി ആക്രണത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു. പോലീസ് നോക്കിനിൽക്കെ ഏതാനും വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ലെന്ന് കോൺഗ്രസിന്റെ ത്രിപുരയിലെ മാധ്യമവിഭാഗം ചുമതലയുള്ള ആഷിഷ് കുമാർ സഹ പറഞ്ഞു. അതേസമയം, സംഘർഷത്തിനു ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസിനെതിരേ ബിജെപി നേതൃത്വം പരാതി നൽകിയിട്ടുണ്ട്.
ഒരു മന്ത്രിയാണ് ആക്രമണത്തിന്റെ ആസൂത്രണം നടത്തിയതെന്ന് അഗർത്തലയിൽ വിജയിച്ച സുദീപ് റോയ്ബർമൻ കുറ്റപ്പെടുത്തി. വിജയിച്ച് ഒരൊറ്റ മണിക്കൂറിനകം പ്രതിപക്ഷ പാർട്ടിയുടെ ഓഫീസിൽ കടന്നുകയറി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വധിക്കാൻ ബിജെപിയുടെ ക്രിമിനൽസംഘം ശ്രമിച്ചു. മുഖ്യമന്ത്രി മണിക് സാഹ ഇതിനു പിന്തുണ നൽകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.