ബിജെപിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാതെ ഫഡ്നാവിസ്
Saturday, July 2, 2022 12:35 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആഘോഷത്തിൽ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തെക്കൻ മുംബൈയിലെ ബിജെപി ആസ്ഥാനത്തു നടന്ന ആഘോഷത്തിൽനിന്നാണു ഫഡ്നാവിസ് വിട്ടുനിന്നത്.
ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതിൽ ഫഡ്നാവിസിന് എതിർപ്പുണ്ടായിരുന്നു. താൻ മന്ത്രിസഭയിലേക്കില്ലെന്നു പ്രഖ്യാപിച്ച ഫഡ്നാവിസ് മണിക്കൂറുകൾക്കകം ഉപമുഖ്യമന്ത്രിയായി.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തിനു ഫഡ്നാവിസ് വഴങ്ങുകയായിരുന്നു. ഫഡ്നാവിസ് യോഗങ്ങളുടെ തിരക്കിലായിരുന്നുവെന്നു അടുത്ത അനുയായി പറഞ്ഞു. ഇന്നു ഹൈദരാബാദിൽ ചേരുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ഫഡ്നാവിസ് പങ്കെടുക്കില്ല. നിയമസഭാ സമ്മേളനം ഞായറാഴ്ച ആരംഭിക്കുന്നതാണു കാരണമായി പറയുന്നത്.
ഒട്ടും സന്തോഷത്തോടെയല്ല ഫഡ്നാവിസ് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നു കഴിഞ്ഞ ദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രസ്താവിച്ചിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിയായിരുന്നു ഏക്നാഥ് ഷിൻഡെ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്നലെ ഗോവയിലെത്തി വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി മുതൽ എംഎൽഎമാർ ഡോണ പൗലയിലെ ഹോട്ടലിലാണു കഴിയുന്നത്.
ഷിൻഡെയ്ക്ക് ഊഷ്മളസ്വീകരണമാണ് എംഎൽഎമാർ നല്കിയത്. നൃത്തം ചെയ്തും പാട്ടു പാടിയുമാണു തങ്ങളുടെ നേതാവിനെ എംഎൽഎമാർ വരവേറ്റത്. ഷിൻഡെയെ സ്വീകരിക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമുണ്ടായിരുന്നു.
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുഖ്യമന്ത്രി ഷിൻഡെ വിശ്വാസപ്രമേയം അവതരിപ്പിക്കും. രണ്ടു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനമാണു ചേരുന്നത്.
സ്പീക്കർസ്ഥാനത്തേക്കു ബിജെപിയി ലെ രാഹുൽ നർവേക്കർ പത്രിക സമർപ്പിച്ചു. ആവശ്യമെങ്കിൽ ഞായറാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. കൊളാബയിൽനിന്നുള്ള എംഎൽഎയാണു നർവേക്കർ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ രാംരാജെ നിംബാൽക്കറുടെ മരുമകനാണ് രാഹുൽ നർവേക്കർ.
കോൺഗ്രസിലെ നാന പഠോളെ രാജിവച്ചതിനെത്തുടർന്ന് 2021 ഫെബ്രുവരി മുതൽ സ്പീക്കർസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 288 അംഗ സഭയിൽ 164 പേരുടെ പിന്തുണയാണു ഭരണപക്ഷം അവകാശപ്പെടുന്നത്.