നിശ്ചയിച്ച സർവീസുകൾ നടത്തിയില്ല; വിസ്താര എയർലൈൻസിനു പിഴയിട്ടു
Tuesday, February 7, 2023 1:03 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില റൂട്ടുകളിലേക്കു നിശ്ചയിച്ചിരുന്ന വിമാനങ്ങൾ സേവനം നടത്താഞ്ഞതിൽ വിസ്താര എയർലൈൻസിന് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് 70 ലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചുമത്തിയ പിഴ വിമാനക്കന്പനി ഇതിനോടകം അടച്ചതായും ഡിജിസിഎ അറിയിച്ചു.
വിമാനക്കന്പനികൾക്കുള്ള റൂട്ട് ഡിസ്പേഴ്സൽ മാർഗനിർദേശങ്ങൾ വിസ്താര എയർലൈൻസ് കർശനമായും പാലിക്കുന്നുണ്ടെന്നും ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളം അടച്ചതിനെത്തുടർന്ന് ചുരുക്കം ചില വിമാനങ്ങൾ മാത്രമാണ് റദ്ദാക്കിയതെന്നും വിസ്താര വക്താവ് പറഞ്ഞു.
ഉഡാൻ പദ്ധതിയുടെ ഭാഗമായി താരതമ്യേന യാത്രക്കാർ കുറവായ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്കും വ്യോമയാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു വിമാനക്കന്പനികൾ നിശ്ചിത സർവീസുകൾ നടത്തണമെന്നു നിർദേശമുണ്ട്. ഈ നിർദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎ പിഴ ഈടാക്കിയത്.