ബ്രഹ്മപുരം: "500 കോടി പിഴ ഈടാക്കുംം' ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്
Saturday, March 18, 2023 1:30 AM IST
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി.
ആവശ്യമെങ്കിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്നും ട്രൈബ്യൂണൽ മുന്നറിയിപ്പു നൽകി. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി രജിസ്റ്റർ ചെയ്ത കേസിൽ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകർ ബെഞ്ചിനോട് അഭ്യർഥിച്ചു.
വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലുകളും സർക്കാർ സത്യവാങ്മൂലത്തിലൂടെ ട്രൈബ്യൂണലിനെ അറിയിച്ചു.
പ്ലാന്റിലേക്കുള്ള ഓർഗാനിക് മാലിന്യങ്ങളുടെ വരവ് കുറയ്ക്കും, ഇപ്പോഴുള്ള കന്പോസ്റ്റ് പ്ലാന്റ് അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കും തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പ്ലാന്റിലെ സിസിടിവി ഉൾപ്പെടെയുള്ള നിരീക്ഷണസംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണത്തിൽ തൃപ്തരാകാതെ നഷ്ടപരിഹാരമായി 500 കോടിരൂപ വരെ പിഴ ചുമത്താൻ സാധിക്കുന്ന വിഷയമാണിതെന്ന് എൻജിടി ബെഞ്ച് മുന്നറിയിപ്പ് നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറിനാണ് എൻജിടി കേസ് രജിസ്റ്റർ ചെയ്തത്.