അമൃത്പാലിന്റെ അനുയായികൾ ആസാം ജയിലിൽ
Wednesday, March 22, 2023 12:13 AM IST
ന്യൂഡൽഹി: ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗിന്റെ അമ്മാവൻ ഉൾപ്പടെ അടുത്ത അനുയായികളെ ആസാമിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റി. ഇതോടെ അമൃത്പാൽ സിംഗുമായി ബന്ധപ്പെട്ട ഏഴു പേരെയാണ് ആസാമിലേക്കു മാറ്റിയത്.
അതിനിടെ, അമൃത്പാൽ സിംഗ് രക്ഷപ്പെട്ടതിൽ പോലീസിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 80,000 ത്തോളം പൊലീസ് സേനാംഗങ്ങൾ അമൃത്പാൽ സിംഗ് കടന്നുകളഞ്ഞപ്പോൾ എന്തെടുക്കുകയായിരുന്നുവെന്ന് കോടതി ചോദിച്ചു.
അമൃത്പാലിനെതിരേ അഞ്ച്-ആറ് എഫ്ഐആർ ഉണ്ടെന്നും, അഞ്ചോ ആറോ ക്രിമിനൽ കേസിൽ അയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അങ്ങനെയൊരാൾ എങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞുവെന്ന് കോടതി ചോദിച്ചു. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അമൃത്സറിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയ വേളയിലാണ് അമൃത്പാലിന്റെ രക്ഷപ്പെടലെന്നും ജസ്റ്റീസ് എൻ.എസ്. ഷെഖാവത്ത് ചൂണ്ടിക്കാട്ടി.