ബഹളത്തിനിടെ ചർച്ച കൂടാതെ ബജറ്റ് പാസാക്കി: സഭ പിരിഞ്ഞു
Friday, March 24, 2023 2:04 AM IST
ന്യൂഡൽഹി: ലോക്സഭയിലെ ബഹളത്തിനിടെ ചർച്ച കൂടാതെ ഗില്ലറ്റിൻ ചെയ്തു 2023-24 വർഷത്തേക്കുള്ള 45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റ് പാസാക്കി. രാവിലെ മുതൽ പലതവണ നിർത്തിവച്ച ശേഷം വൈകുന്നേരം ആറിന് വീണ്ടും ചേർന്നാണ് മിനിറ്റുകൾക്കുള്ളിൽ കേന്ദ്രബജറ്റ് ലോക്സഭ അംഗീകരിച്ചത്.
അദാനി വിഷയത്തിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും, രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും മുദ്രാവാക്യംവിളി തുടർന്നപ്പോൾ രാവിലെയും ഉച്ചയ്ക്കും ലോക്സഭയും രാജ്യസഭയും സമ്മേളിച്ചയുടൻ പതിവുപോലെ പിരിഞ്ഞു. പിന്നീട് ഭൂരിപക്ഷം അംഗങ്ങളുടെ അഭാവത്തിൽ വൈകുന്നേരം ആറിന് ലോക്സഭ വീണ്ടും ചേർന്നാണു ബജറ്റ് ചെലവുകൾക്ക് ചർച്ച കൂടാതെ ഏകപക്ഷീയമായി അംഗീകാരം നൽകിയത്. ബഹളത്തിനിടയിൽ സ്പീക്കർ ഓം ബിർള ഗില്ലറ്റിൻ പ്രയോഗിച്ച് അംഗീകാരം സഭ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിഞ്ഞു.