മന്ത്രിസ്ഥാനം കിട്ടാത്തവരുടെ അനുയായികൾ തെരുവിൽ
Sunday, May 28, 2023 3:00 AM IST
ബംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനം കിട്ടാത്തവരുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിൽ. ഇന്നലെ 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്ന ഗവർണറുടെ വസതിക്കുവെളിയിൽ മുദ്രാവാക്യങ്ങളുമായി അനുയായികൾ തടിച്ചുകൂടി.
ബംഗളൂരു കൂടാതെ തുമകുരു, മൈസൂരു, ഹവേരി, കുടക് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധം അരങ്ങേറി. എട്ടു ജില്ലകളിൽ അണികൾ തെരുവിലിറങ്ങി.
ബംഗളൂരുവിൽ വിജയനഗര എംഎൽഎ എം. കൃഷ്ണപ്പയുടെ അനുയായികൾ രാജ്ഭവനു മുന്നിൽ മുദ്രാവാക്യം മുഴക്കി. നാലു തവണ എംഎൽഎയായ കൃഷ്ണപ്പയ്ക്ക് മന്ത്രിസ്ഥാനത്തിന് ആരേക്കാളും അർഹതയുണ്ടെന്ന് അനുയായികൾ പറഞ്ഞു.
ടി.ബി. ജയചന്ദ്ര എംഎൽഎയെ പിന്തുണയ്ക്കുന്നവർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കു മുന്നിലാണു പ്രതിഷേധിച്ചത്. നീതി തേടി ഹൈക്കമാൻഡിനെ സമീപിക്കുമെന്നു കുഞ്ചിടിഗ സമുദായാംഗമായ ജയചന്ദ്ര പറഞ്ഞു.
ഇദ്ദേഹത്തിന്റെ സമുദായക്കാരിൽനിന്ന് ആരെയും മന്ത്രിയാക്കിയിട്ടില്ല. മൈസൂരുവിൽ നരസിംഹരാജ എംഎൽഎ തൻവീർ സേട്ടിന്റെ അനുയായികൾ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തി മുതിർന്ന എംഎൽസിമാരായ ബി.കെ. ഹരിപ്രസാദും സലീം അഹമ്മദും പരസ്യമായി പ്രകടിപ്പിച്ചു.
മന്ത്രിസ്ഥാനം മോഹിച്ചിരുന്ന വിജയാനന്ദ് കാശപ്പനാവർ, ലക്ഷ്മൺ സാവഡി എന്നിവരും കടുത്ത അതൃപ്തിയിലാണ്. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സാവഡി മുൻ ഉപമുഖ്യമന്ത്രിയാണ്. ഡി.കെ. ശിവകുമാർ കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് സാവഡിക്കായിരുന്നു.
ആദ്യമായി നിയമസഭാംഗമായവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്ത അസംതൃപ്തരെ അനുനയിപ്പാക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. പ്രതീക്ഷ കൈവെടിയരുതെന്നും ഭാവിയിൽ പദവികൾ ലഭിക്കുമെന്നും ശിവകുമാർ പറഞ്ഞു.