അഭിഭാഷകന് കടിയേറ്റു തെരുവുനായ പ്രശ്നത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. മറ്റൊരു കേസുമായി ബന്ധപ്പെട്ട വാദത്തിന് കോടതിയിലെത്തിയ അഭിഭാഷകന്റെ കൈയിലെ പരിക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു സുപ്രീംകോടതിയുടെ സാന്ദർഭിക പരാമർശം.
തെരുവുനായയുടെ കടിയേറ്റതിനെ തുടർന്നുണ്ടായ പരിക്കാണ് കൈയിലെ ബാൻഡേജിനു കാരണമെന്ന് അഭിഭാഷകനായ കുനാർ ചാറ്റർജി പറഞ്ഞതിനെത്തുടർന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.
രാവിലെ വീടിനു പരിസരത്ത് നടക്കാനിറങ്ങിയ അവസരത്തിൽ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞതിനു പിന്നാലെ മറ്റ് അഭിഭാഷകരും തെരുവുനായ് പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു.
യുപിയിൽ അടുത്തിടെ തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടി പേവിഷബാധയേറ്റു മരിച്ച സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തെരുവുനായ പ്രശ്നം ഗുരുതരമെന്ന് കോടതിയിൽ പറഞ്ഞു.