ഗാർഡിനെ കൊന്നശേഷം 39 ലക്ഷം രൂപ കവർന്നു
Wednesday, September 13, 2023 2:47 AM IST
ലക്നോ: ബൈക്കിലെത്തിയ നാലംഗസംഘം സുരക്ഷാഗാർഡിനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാഷ് വാനിൽനിന്ന് 39 ലക്ഷം രൂപ കവർന്നു.
ഉത്തർപ്രദേശിലെ മിർസാപുരിൽ കത്രാ കോട്വാലി ഭാഗത്തെ ബെൽത്താറിലുള്ള ആക്സിസ് ബാങ്ക് ശാഖയ്ക്ക് മുന്നിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സുരക്ഷാ ഗാർഡിനു പുറമേ, രണ്ട് കാഷ്യർമാരുൾപ്പെടെ മറ്റ് മൂന്നുപേർക്കും വെടിയേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കുകളിലെത്തിയ നാലുപേരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല. സംഭവം മുഴുവൻ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വാൻ റോഡരികിൽ നിർത്തി ബാങ്ക് ജീവനക്കാരായ രണ്ടുപേർ സായുധനായ സുരക്ഷാഗാർഡിന്റെ അകന്പടിയിൽ വാനിന്റെ പുറകിലെ ഡോർ തുറക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം സുരക്ഷാഗാർഡിനെ വെടിവച്ച് വീഴ്ത്തുന്നതും തുടർന്ന് മറ്റുള്ളവരെയും വെടിവച്ചശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കിയശേഷം രക്ഷപ്പെടുന്നതിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.