"വീട്ടിലേക്കാൾ സുരക്ഷിതമാണ് ജയിൽ'; ചന്ദ്രബാബു നായിഡുവിന്റെ ഹർജി തള്ളി
Wednesday, September 13, 2023 2:47 AM IST
വിജയവാഡ: വീട്ടുതടങ്കൽ അനുവദിക്കണമെന്ന ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ ഹർജി കോടതി തള്ളി. എൻഎസ്ജി കമാൻഡോകളുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ജീവനു ജയിലിൽ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ധാർഥ് ലൂത്രയുടെ നേതൃത്വത്തിലുള്ള അഭിഭാഷ സംഘം ഹർജി നൽകിയത്.
എന്നാൽ വീട്ടുതടങ്കൽ അനുവദിച്ചാൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു. സുരക്ഷയില്ലാതെ വീട്ടുതടങ്കലിൽ കഴിയുന്നതിനേക്കാൾ ഭേദം ജയിലിൽ സുരക്ഷിതമായി കഴിയുന്നതാണെന്നും കോടതി പറഞ്ഞു.
ഇതേ ആവശ്യമുന്നയിച്ച് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. ആന്ധ്രപ്രദേശ് സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനിലെ 371 കോടി രൂപയുടെ അഴിമതിയുടെ പേരിൽ ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ചയാണ് വിജയവാഡ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. അദ്ദേഹം ഇപ്പോൾ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലാണ്.