ആലപ്പുഴ ജില്ലയിലെ മങ്കൊന്പ് സ്വദേശിയ സ്വാമിനാഥൻ 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണു ജനിച്ചത്. സർജനായ ഡോ. എം.കെ. സാംബശിവൻ, പാർവതി തങ്കമ്മാൾ എന്നിവരാണു മാതാപിതാക്കൾ. 2007-2013 കാലത്ത് രാജ്യസഭാംഗമായിരുന്നു.
ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നായി 84 ഓണററി ഡോക്ടറേറ്റുകൾ ഡോ. സ്വാമിനാഥനു ലഭിച്ചിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ പുരസ്കാരങ്ങൾ നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. മാഗ്സസെ അവാർഡ് ജേതാവായ ഡോ. സ്വാമിനാഥനാണ് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് അവാർഡ് ലഭിച്ചത്.
പട്ടിണിയും പോഷകാഹാരക്കുറവും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിത്യസംഭവമായിരുന്ന കാലത്താണ് സ്വാമിനാഥൻ പ്രവർത്തനം ആരംഭിച്ചത്. ബംഗാൾ ക്ഷാമം (1943-44) സ്വാമിനാഥന്റെ കരിയറിനെ വലുതായി സ്വാധീനിച്ചു.
ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നീ ലക്ഷ്യങ്ങൾക്കായി സ്വാമിനാഥൻ അക്ഷീണം പ്രയത്നിച്ചു. 1960കളിൽ അമേരിക്കൻ ഗോതന്പിനായി കാത്തിരുന്ന ഇന്ത്യ ഏതാനും വർഷംകൊണ്ട് ഭക്ഷ്യസ്വയംപര്യാപ്തത നേടി. 1968ൽ ഇന്ത്യയിൽ ഗോതന്പ് വിപ്ലവം നടപ്പായി. രാജ്യത്തെ കർഷകർ 1.7 കോടി ടൺ ഗോതന്പ് ഉത്പാദിപ്പിച്ചു. ഏറ്റവും നല്ല മൺസൂണിൽപോലും പരമാവധി ഉത്പാദനം 1.2 കോടി ടണ്ണായിരുന്നു.