അമേരിക്കയിൽ സിക്ക് തീവ്രവാദിയെ കൊല്ലാൻ ഗൂഢാലോചന: ഇന്ത്യ അന്വേഷണസമിതി രൂപീകരിച്ചു
Thursday, November 30, 2023 1:55 AM IST
ന്യൂഡൽഹി: സിക്ക് തീവ്രവാദിയെ അമേരിക്കയിൽവച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണം അന്വേഷിക്കാൻ ഇന്ത്യ ഉന്നതതല സമിതി രൂപികരിച്ചു.
ഗുർപട്വന്ത് സിംഗ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും സംഭവത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഫിനാൻഷൽ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ നവംബർ 18ന് ഇന്ത്യ ഒരു ഉന്നതതല അന്വേഷണ സമിതിക്കു രൂപംനൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അമേരിക്കൻ-കനേഡിയൻ പൗരന്മാരായി അറിയപ്പെടുന്ന പന്നു ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വാൺടഡ് ലിസ്റ്റിൽ ഉള്ളയാളാണ്.
ഉഭയകക്ഷി സുരക്ഷാ സഹകരണം സംബന്ധിച്ച് യുഎസുമായുള്ള ചർച്ചയ്ക്കിടെ തീവ്രവാദികളുമായി ബന്ധമുള്ള ചില ഇന്ത്യക്കാരുടെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ചുവരികയാണ്. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും ബാഗ്ചി പറഞ്ഞു.