ഹിമാചൽപ്രദേശിലെ ക്ഷേത്രമതിലിൽ ഖലിസ്ഥാൻ ഗ്രഫിറ്റി; പോലീസ് അന്വേഷണം തുടങ്ങി
Thursday, November 30, 2023 1:55 AM IST
ഉന: ഹിമാചൽപ്രദേശിലെ ഉനായിലുള്ള മാതാ ചിന്തപൂർണി ക്ഷേത്രത്തിന്റെ മതിലിൽ സിക്ക് ഭീകരസംഘടനയായ ഖലിസ്ഥാൻ അനുകൂല ഗ്രഫിറ്റി കണ്ടെത്തി.
ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ, നിരോധിത സംഘടനയായ സിക്ക് ഫോർ ജസ്റ്റീസിന്റെ തലവൻ ഗുർപട്വന്ത് സിംഗ് പന്നുവിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു. 1984ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിനുപിന്നാലെയുണ്ടായ സിക്ക് കൂട്ടക്കൊലയിൽ ആരോപണവിധേയരായ കോൺഗ്രസ് നേതാക്കളെ വധിക്കുമെന്നാണു ഭീഷണി.
ഖലിസ്ഥാൻ അനുകൂല സന്ദേശങ്ങളെഴുതിയ ഗ്രഫിറ്റി പന്നുവിന്റെ പിന്നിലുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞവർഷം മേയ് ഏഴിനു ധർമശാലയിൽ ഖലിസ്ഥാൻ ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.