ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയോട്; ഗവർണറെ കാണാൻ പ്രയാസമുണ്ടോ?
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഗവർണർ ആവശ്യപ്പെടുന്നതെന്ന് കേരളത്തിനുവേണ്ടി ഹാജരായ കെ. കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ ചോദ്യം. മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് ബില്ലുകളെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നങ്ങൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ തീരാവുന്നതേയുള്ളൂവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. യഥാർഥ പ്രശ്നം എന്താണെന് പറയാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രശ്നം എന്താണെന്ന് അറ്റോർണി ജനറൽ തുറന്നുപറയണമെന്ന് കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.
ബില്ലുകൾ സംബന്ധിച്ച് വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും ഗവർണർ അത് നിഷേധിക്കുകയാണെന്നും കെ.കെ. വേണുഗോപാൽ ആരോപിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമാണ്. സർക്കാർ കൊണ്ടുവരുന്ന ജനപ്രിയ നിയമങ്ങളിൽ ഗവർണറുടെ തീരുമാനം അനന്തമായി വൈകിയാൽ എങ്ങനെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കും? ഇതിന് ഒരു അവസാനമുണ്ടായേ മതിയാകൂ എന്നും കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.