ഗ്രാമജീവിതം ദുരിതമയം: കോണ്‍ഗ്രസ്
Wednesday, February 28, 2024 2:59 AM IST
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രാമപ്രദേശങ്ങളിൽ ജീവിതം ദുരിതപൂർണമായിരിക്കുകയാണെന്നു കോണ്‍ഗ്രസ്.
പ്രധാനമന്ത്രി മോദിയുടെ പാഴായ വാഗ്ദാനങ്ങളെക്കുറിച്ചു മിണ്ടാതെ പുതിയ ഗാരന്റികൾ പറയുന്നതിന്റെ പൊള്ളത്തരം മനസിലാക്കാനുള്ള വിവേകം ഇന്ത്യയിലെ വോട്ടർമാർക്കുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഗാരന്റികളല്ല, കള്ളമാണ് മോദി നൽകുന്നതെന്നും അമൃത് കാലമല്ല, അന്യായ് കാലമാണെന്നും ജയ്റാം രമേശ് പരിഹസിച്ചു.
കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന് 2017ൽ പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വിളകൾക്കും ചെലവിന്റെ 50 ശതമാനം കൂടുതൽ താങ്ങുവില നൽകുമെന്ന പ്രഖ്യാപനവും പാഴായി. എന്നിട്ടും വ്യാജകണക്കുകളും കപടവാഗ്ദാനങ്ങളുമായി ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമം.
ഗ്രാമീണജനത മുന്‍പൊരിക്കലുമില്ലാത്ത കൊടിയ ദുരിതത്തിലാണ്. 2011-12 സാന്പത്തികവർഷം മുതൽ 2017-18 വരെ ഗ്രാമീണ ഉപഭോഗച്ചെലവ് 8.8 ശതമാനമായി കുറഞ്ഞു. അന്‍പതുവർഷത്തിനിടെ ആദ്യമായാണിത്.
എന്നാൽ 2019-20 സാന്പത്തികവർഷം മുതൽ നടപ്പു സാന്പത്തികവർഷം വരെ ഗ്രാമീണ വേതനത്തിന്റെ വളർച്ചാനിരക്ക് പുറകോട്ടാണ്. കാർഷികജോലികളുടെ വേതന വളർച്ചാ നിരക്ക് 0.6 ശതമാനവും കാർഷികേതര നിരക്ക് 1.4 ശതമാനവുമാണ്.
ഗ്രാമീണ സന്പദ്വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനു വ്യക്തമായ തെളിവാണിതെന്ന് ജയ്റാം രമേശ് പറഞ്ഞു.