കോൺഗ്രസിന്റെ താരപ്രചാരകരായി രാഹുലും ഡി.കെ. ശിവകുമാറും
Sunday, April 14, 2024 1:02 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ താരപ്രചാരകരായി കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംസ്ഥാനത്തെ വിവിധ വേദികളിലെത്തും.
നാളെ വൈകുന്നേരം ആറിന് കോഴിക്കോട് യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. 15നും 16നും വയനാട് നിയോജകമണ്ഡലത്തിലെ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 18നു രാവിലെ 10ന് കണ്ണൂരിലും ഉച്ചകഴിഞ്ഞു മൂന്നിന് പാലക്കാട്ടും അഞ്ചുമണിക്ക് കോട്ടയത്തും നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.
22നു രാവിലെ 10ന് തൃശൂരിലും മൂന്നിന് തിരുവനന്തപുരത്തും അഞ്ചിന് ആലപ്പുഴയിലുമുള്ള റാലികളിലും സംബന്ധിക്കും.ഡി.കെ.ശിവകുമാർ 16നു രാവിലെ 10ന് തിരുവനന്തപുരത്തും ഉച്ചകഴിഞ്ഞു രണ്ടിന് മട്ടന്നൂരിൽനിന്ന് ഇരിട്ടിയിലേക്കുള്ള റോഡ് ഷോയിലും പൊതുസമ്മേളനങ്ങളിലും രാഹുലിന്റെ സാന്നിധ്യമുണ്ടാകും.
നാലിന് വടകര മണ്ഡലത്തിലെ നാദാപുരത്തും 5.30ന് കോഴിക്കോട് കൊടുവള്ളിയിലും 7.30ന് പൊന്നാനി മണ്ഡലത്തിലെ താനൂരിലും പങ്കെടുക്കും.