315 കോടിയുടെ അഴിമതി; മേഘ എൻജിനിയറിംഗിനെതിരേ സിബിഐ കേസ്
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്ന മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
നാഷണൽ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പ്രോജക്ടിന്റെ (എൻഐഎസ്പി) 315 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണു കേസ്. കേന്ദ്ര ഉരുക്കു മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിചേർത്താണു കേസ്.
ജഗദൽപുർ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മേഘ എൻജിനിയറിംഗ് സമർപ്പിച്ച 178 കോടി രൂപയുടെ ബില്ലുകൾ മാറുന്നതിനായി 78 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതാണു കേസിന് ആധാരം.
നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷന്റെ ഇരുന്പ്, സ്റ്റീൽ പ്ലാന്റുകളിൽ ജോലിചെയ്യുന്നവരാണ് കേസിലുൾപ്പെട്ട ഉദ്യോഗസ്ഥർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയാണ് മേഘ എൻജിനിയറിംഗ്.
മാർച്ച് 14ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട, ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ പട്ടികയിൽ മുൻനിരക്കാരായിരുന്നു മേഘ എൻജിനിയറിംഗ്. പാമിറെഡ്ഢി പിച്ചൈ റെഡ്ഢി, പി.വി.കൃഷ്ണ റെഡ്ഢി എന്നിവർ പ്രൊമോട്ടർമാരായിട്ടുള്ള മേഘ എൻജിനിയറിംഗ് 966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണു വാങ്ങിയത്.
ഇതിൽ, 586 കോടി രൂപ ഈ കന്പനി ബിജെപിക്കു സംഭാവന ചെയ്തു. ബിആർഎസിന് 195 കോടിയും ഡിഎംകെയ്ക്ക് 85 കോടിയും വൈഎസ്ആർ കോണ്‍ഗ്രസിന് 37 കോടിയും ടിഡിപിക്ക് 25 കോടിയും മേഘ എൻജിനിയറിംഗ് സംഭാവന നൽകി.
കോണ്‍ഗ്രസിന് പത്തു കോടിക്കു പുറമേ ജെഡി-എസ്, ജെഡിയു, ജനസേന പാർട്ടികൾക്കും ഈ കന്പനി കോടികൾ സംഭാവന നൽകിയതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.