കണക്കുകൂട്ടലിൽ ഡൽഹി സ്ഥാനാർഥികളും
സെബിൻ ജോസഫ്
Friday, May 24, 2024 5:58 AM IST
അധികാരകേന്ദ്രം ഡൽഹിയായതിനാൽ കേന്ദ്രത്തിന്റെ മനസിനൊപ്പമാണ് എപ്പോഴും ഡൽഹി. കേന്ദ്രത്തിൽ ആരു വരുന്നോ അവരെ പിന്തുണയ്ക്കുന്നതാണ് ഡൽഹിയുടെ ചരിത്രം. വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകിയ ആംആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ വന്നിട്ടും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായിരുന്നു ഡൽഹി.
പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കണക്കുകൂട്ടിയാണ് ഡൽഹിയുടെ ജനവിധി വിലയിരുത്തുന്നത്. പോളിംഗ് നടക്കുന്ന നാളെ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്ത ചൂടിലും ഡൽഹിയിൽ പോളിംഗ് ഉയരുമെന്ന് ഡൽഹി നിവാസികൾ പറയുന്നു.
മുഖ്യമന്ത്രി കേജരിവാളിൽ ജനത്തിനു വിശ്വാസമുണ്ട്. വികസന, ക്ഷേമ പദ്ധതികളുടെ കാർഡ് എടുത്തെറിയാൻ സാധിക്കാത്ത ബിജെപി പാക്കിസ്ഥാനും മുസ്ലിം വിരുദ്ധ നിലപാടുമൊക്കെയാണ് എടുത്തിടുന്നത്.
ചർച്ചയായി പ്രാദേശിക വിഷയങ്ങളും
ദേശീയ വിഷയങ്ങൾക്കൊപ്പം പ്രാദേശിക വിഷയങ്ങളും ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മാലിന്യപ്രശ്നം വലിയ ചർച്ചയാണ്. സൗത്ത് ഡൽഹിയിൽ കുടിവെള്ള വിതരണമാണു പ്രശ്നം. ആംആദ്മി സർക്കാരിന്റെ പിടിപ്പുകേടായി ഇതിനെ ചിത്രീകരിക്കാൻ ബിജെപി നോക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ നോമിനിയായ ഗവർണറുടെ തീരുമാനമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.
ആംആദ്മി പാർട്ടി എംഎൽഎ കുൽദീപ് കുമാറാണ് ഈസ്റ്റ് ഡൽഹിയിലെ ഇന്ത്യ സഖ്യം സ്ഥാനാർഥി. ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ തട്ടകമാണ് ഈസ്റ്റ് ഡൽഹി. അദ്ദേഹത്തിന്റെ സ്വാധീനവും ആംആദ്മി പാർട്ടിയുടെ ജനക്ഷേമ പദ്ധതികളും കുൽദീപ് കുമാറിനെ പിന്തുണച്ചേക്കും.
ഉയർന്ന ഇന്ധന വിലയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ബിജെപിക്ക് തിരിച്ചടിയാകും. സാധരണക്കാർ അധികമായി വസിക്കുന്ന മണ്ഡലമാണ് ഈസ്റ്റ് ഡൽഹി. സിറ്റിംഗ് എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അർവീന്ദർ ലൗലിയെയാണ് ഗംഭീർ പരാജയപ്പെടുത്തിയത്. ഇക്കുറി ഗംഭീറിനു സീറ്റ് നൽകാതെ പാർട്ടി ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്രയാണ് ബിജെപി പരീക്ഷിക്കുന്നത്.
സ്വാതി മലിവാളും വോട്ടും
കേജരിവാളിന്റെ തിരിച്ചുവരവ് ബിജെപിക്ക് വൻ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനെ തിരിച്ചടിക്കാൻ ബിജെപി ഉയർത്തിയ ആരോപണമാണ് സ്വാതി മലിവാളിന്റെ കള്ളപ്രചാരണമെന്ന് ആംആദ്മി പാർട്ടി പറയുന്നു.
2019ൽ ത്രികോണ മത്സരം നടന്നപ്പോൾ മുഴുവൻ സീറ്റിലും ബിജെപിക്കായിരുന്നു വിജയം. ഇക്കുറി കോൺഗ്രസും എഎപിയും സഖ്യത്തിലാണ്. നാലു സീറ്റിൽ എഎപിയും മൂന്നു സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. കോണ്ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലും കേജരിവാളിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും അവസാനനിമിഷം കളത്തിലിറങ്ങി. കേജരിവാളിന്റെ അറസ്റ്റിലുണ്ടായ സഹതാപതരംഗവും ബിജെപി വിരുദ്ധ നിലപാടും വോട്ടാകുമോയെന്ന് ജൂൺ നാലിന് അറിയാം.