സിർസയിൽ ആരു ചിരിക്കും?
Saturday, May 25, 2024 2:14 AM IST
ബിജോ മാത്യു
ഹരിയാനയിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം അരങ്ങേറുന്നത് സിർസയിൽ. മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്പോൾ മുൻ കോണ്‍ഗ്രസ് നേതാവായ അശോക് തൻവർ ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്നു. ദളിത് നേതാക്കളായ ഇരുവരും ഹരിയാനയിലെ മുൻ പിസിസി അധ്യക്ഷരാണ്.
മാത്രമല്ല, സെൽജയും തൻവറും മുന്‍പ് സിർസയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂപീന്ദർ ഹൂഡയോടു പൊരുതി തൻവർ കോൺഗ്രസിനു പുറത്തുപോയപ്പോൾ സെൽജ കോൺഗ്രസിൽ ഉറച്ചുനിന്ന് ഹൂഡയോടു പടവെട്ടുന്നു.
26 വർഷത്തിനുശേഷമാണ് സെൽജ സിർസയിലെത്തുന്നത്. 1991, 1996 തെരഞ്ഞെടുപ്പുകളിൽ സിർസയിൽ വിജയിച്ച സെൽജ 1998ൽ ഐഎൻഎൽഡിയിലെ സുശീൽകുമാർ ഇന്ദോറയോടു പരാജയപ്പെട്ടു. പിന്നീട് 2004, 2009 തെരഞ്ഞെടുപ്പുകളിൽ അംബാലയിൽനിന്നു സെൽജ ലോക്സഭയിലെത്തി. 2019ൽ പരാജയപ്പെട്ടു.
മുൻ കേന്ദ്രമന്ത്രി ദൽബീർ സിംഗിന്റെ മകളായ സെൽജ (61) മഹിളാ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നരസിംഹ റാവു സർക്കാരിലും ഡോ. മൻമോഹൻ സിംഗിന്റെ രണ്ടു സർക്കാരുകളിലും മന്ത്രിയായിരുന്നു. 2014 മുതൽ 2020വരെ രാജ്യസഭാംഗമായി. അശോക് തൻവറിനുശേഷം 2019 മുതൽ 2022 വരെ ഹരിയാന പിസിസി അധ്യക്ഷയായി.
ജെഎൻയു വിദ്യാർഥിയായിരിക്കേ എൻഎസ് യുവിലൂടെയാണ് അശോക് തൻവർ (48) പൊതുരംഗത്തെത്തുന്നത്. എൻഎസ് യു അഖിലേന്ത്യാ അധ്യക്ഷനായിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന റിക്കാർഡ് സ്വന്തമായുള്ള തൻവർ 2009ൽ സിർസ മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു വിജയിച്ചു. 3.54 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ, 2014, 2019 തെരഞ്ഞെടുപ്പുകളിലെ മോദിതരംഗത്തിൽ തൻവർ വൻ പരാജയം ഏറ്റുവാങ്ങി.
2014 ഫെബ്രുവരിയിൽ ഹരിയാന പിസിസി അധ്യക്ഷനായി. 2019 സെപ്റ്റംബർ വരെ ആ സ്ഥാനത്തു തുടർന്നു. തൊട്ടടുത്ത മാസം കോണ്‍ഗ്രസ് വിട്ടു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള ഭിന്നതയായിരുന്നു, ഒരു കാലത്ത് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ തൻവർ പാർട്ടി വിടാൻ കാരണം.
2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന തൻവർ 2022 മുതൽ 2024 വരെ എഎപിയിൽ പ്രവർത്തിച്ചു. രാജ്യസഭാ സീറ്റിലേക്കു തന്നെ പരിഗണിക്കാത്തതിൽ നീരസമുണ്ടായിരുന്ന തൻവർ ഈ വർഷം ജനുവരിയിൽ ബിജെപിയിൽ ചേർന്നു.
കോണ്‍ഗ്രസിൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ എതിർ പക്ഷത്താണു സെൽജയും. രണ്‍ദീപ് സുർജേവാല, മുൻ നിയമസഭാ കക്ഷി നേതാവ് കിരണ്‍ ചൗധരി, സെൽജ എന്നിവർ ഹൂഡയ്ക്കെതിരേ ഒറ്റക്കെട്ടാണ്. ഹരിയാനയിലെ ഒന്‍പതു കോണ്‍ഗ്രസ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും ഹൂഡയുടെ അനുയായികളാണ്. പിസിസി അധ്യക്ഷൻ ഉദയ് ഭാനും ഹൂഡയുടെ ഉറ്റ അനുയായി ആണ്.