റേഷനരി മോഷ്ടിച്ച ബിജെപി നേതാവ് അറസ്റ്റിൽ
Thursday, July 18, 2024 1:57 AM IST
ബംഗളൂരു: കർണാടകയിൽ രണ്ടു കോടി രൂപയുടെ റേഷൻ അരി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. കൽബുർഗി സ്വദേശി മണികാന്ത് റത്തോഡ് ആണ് അറസ്റ്റിലായത്. അന്നഭാഗ്യ പദ്ധതി പ്രകാരം പാവങ്ങൾക്കു നൽകാനുള്ള 6,077 ക്വിന്റൽ അരിയാണ് മണികാന്ത് അടിച്ചുമാറ്റിയത്.
ഇയാളെ കൽബുർഗിയിലെ വസതിയിൽനിന്നു ചൊവ്വാഴ്ച രാത്രി ഷാഹാപുർ പോലീസ് അറസ്റ്റ് ചെയ്തു.
യാദ്ഗിർ ജില്ലയിലെ ഷാഹാപുരിലുള്ള സർക്കാർ ഗോഡൗണിൽനിന്നാണ് ഇയാൾ റേഷൻ മോഷ്ടിച്ചത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.
2023 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്കെതിരേ ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോഗ്രാം അരി വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണ് അന്നഭാഗ്യ. 2023ലാണ് കർണാടക സർക്കാർ പദ്ധതി ആരംഭിച്ചത്.