ബ്രെക്സിറ്റ്: തെരേസ മേ വെറുംകൈയോടെ മടങ്ങും
Saturday, December 15, 2018 1:06 AM IST
ബ്രസൽസ്: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്കെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വെറും കൈയോടെ മടങ്ങുമെന്നു റിപ്പോർട്ട്. ഐറിഷ് അതിർത്തി വിഷയത്തിൽ ഇളവ് ആവശ്യപ്പെടുന്ന ബ്രിട്ടൻ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. മേയ്ക്ക് എന്താണു വേണ്ടതെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കളെ ധരിപ്പിക്കാൻ സാധിച്ചിട്ടില്ല. ബ്രെക്സിറ്റിൽ ബ്രിട്ടൻ പാലിക്കേണ്ട കാര്യങ്ങളിൽനിന്നു പിന്നോട്ടുപോകുമെന്നതിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് ഇയു ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൾ പറഞ്ഞു.
ബ്രെക്സിറ്റിൽ വീണ്ടുമൊരു കൂടിയാലോചനയ്ക്ക് അവസരമില്ലെന്ന് ഇയു പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കർ പറഞ്ഞു. ഇതിനിടെ, ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയിൽ ഈയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടർന്ന് മാറ്റിവച്ചു. ഇനി ജനുവരി 21 നു മുന്പ് വോട്ടിംഗ് നടത്തും. കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിൽനിന്നും പുറത്താക്കാൻ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽനിന്നു മേ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. 200 എംപിമാർ മേയെ അനുകൂലിച്ചപ്പോൾ 117 പേർ എതിർത്തു.
ഐറിഷ് അതിർത്തി വിഷയത്തിലും വ്യാപാരകരാറിലും ഇയു നേതാക്കളുടെ ഉറപ്പ് ലഭിച്ചാൽ പാർലമെന്റിൽ 21ന് നടക്കുന്ന വോട്ടിംഗ് ജയിക്കാമെന്നാണു മേയുടെ പ്രതീക്ഷ. എന്നാൽ, ഒരു ഉറപ്പും നൽകില്ലെന്നും കരാറുകളില്ലാതെ ബ്രെക്സിറ്റ് നടത്താമെന്നുമാണ് ഇയു നേതാക്കളുടെ നിലപാട്. 2019 മാർച്ച് 29 ആണ് ബ്രിട്ടൻ ഇയുവിനു പുറത്തുപോവുന്നത്. മേ ബ്രിട്ടന്റെ ആവശ്യമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.