ബ്രെക്സിറ്റ്;വീണ്ടും ഹിതപരിശോധന നടത്തണമെന്നു ലേബർ പാർട്ടി
Tuesday, July 9, 2019 11:26 PM IST
ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ചു വീണ്ടും ഹിതപരിശോധന നടത്താൻ അടുത്ത പ്രധാനമന്ത്രി തയാറാവണമെന്നു ബ്രിട്ടനിലെ പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. തെരേസാ മേയുടെ പിൻഗാമിയാവാൻ ജറമി ഹണ്ടും ബോറീസ് ജോൺസനും മത്സരിക്കുന്നുണ്ടെങ്കിലും ജോൺസനാണു വിജയസാധ്യതയെന്നാണു വിലയിരുത്തൽ.
കരാറില്ലാതെയോ കരാറോടുകൂടിയോ ഏതു രീതിയിൽ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനും മുന്പ് ജനങ്ങളുടെ അഭിപ്രായം തേടാനുള്ള ആർജവം പുതിയ പ്രധാനമന്ത്രി കാണിക്കണമെന്നു കോർബിൻ പറഞ്ഞു. ഇതിനായി വീണ്ടും വോട്ടെടുപ്പു നടത്തണം. ടോറി സർക്കാരിന്റെ ബ്രെക്സിറ്റ് ബില്ലിനെതിരേ നിലകൊള്ളുമെന്നു കോർബിൻ പറഞ്ഞു.