പാപ്പുവ ന്യൂഗിനിയിൽ ഗോത്രവിഭാഗങ്ങൾ ഏറ്റുമുട്ടി; 24 മരണം
Thursday, July 11, 2019 12:20 AM IST
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗർഭിണികൾ അടക്കം 24 പേർ കൊല്ലപ്പെട്ടു. ഹെലാ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നു പ്രവിശ്യ അഡ്മിനിസ്ട്രേറ്റർ വില്യം ബാൻഡോ അറിയിച്ചു. ഹാഗുയി, ഒകീരു, ലിവി ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് ഉത്തരവാദികളെന്ന് പ്രധാനമന്ത്രി ജയിംസ് മരാപെ പറഞ്ഞു.
സംഘർഷത്തിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ വിശദീകരണമില്ല. സ്വർണം ധാരാളമുണ്ടെന്നു കരുതുന്ന ഒരു കുന്നിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുണ്ട്.