യുഎസ് -താലിബാൻ ചർച്ച സമാപിച്ചു; കരാറായില്ല
Monday, August 12, 2019 11:29 PM IST
കാബൂൾ: ദോഹയിൽ യുഎസിന്റെയും താലിബാന്റെയും പ്രതിനിധികൾ നടത്തിയ എട്ടാം വട്ട ചർച്ച കരാറുണ്ടാക്കാതെ പിരിഞ്ഞു. ചർച്ച ഫലപ്രദമായിരുന്നെങ്കിലും ഇനിയും ഏറെ ജോലികൾ ബാക്കിയുണ്ടെന്ന് യുഎസ് പ്രതിനിധി സൽമേ ഖലിസാദിന്റെ ട്വീറ്റ് സൂചിപ്പിച്ചു.
അനന്തര നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസിലേക്കു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച ബുദ്ധിമുട്ടേറിയതാ യിരുന്നെങ്കിലും പ്രയോജനപ്രദമായിരുന്നുവെന്ന് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ പതിനെട്ടു വർഷത്തെ ഇടപെടൽ അവസാനിപ്പിച്ച് എത്രയും വേഗം തലയൂരാനാണ് വാഷിംഗ്ടണിന്റെ നീക്കം. ഇതിനകം ഒരുലക്ഷം കോടി ഡോളറെങ്കിലും അമേരിക്കയ്ക്ക് യുദ്ധച്ചെലവിനത്തിൽ മുടക്കേണ്ടിവന്നിട്ടുണ്ട്.
ഈദ് ദിനാഘോഷ വേളയിൽ വെടിനിർത്തൽ പ്രഖ്യാപനമുണ്ടാവുമെന്ന് പല അഫ്ഗാൻകാരും കരുതിയിരുന്നു. എന്നാൽ ഇതുണ്ടായില്ല. എന്നാൽ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതി പൊതുവേ ശാന്തമായിരുന്നു. 35 താലിബാൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു.