കാഷ്മീർ വിഷയത്തിൽ ആരുടെയും പിന്തുണയില്ലെന്നു പാക്കിസ്ഥാൻ
Tuesday, August 13, 2019 11:49 PM IST
ഇസ്ലാമാബാദ്: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ യുഎൻ രക്ഷാസമിതിയുടെയും മുസ്ലിം രാജ്യങ്ങളുടെയും പിന്തുണ പാക്കിസ്ഥാനു ലഭിക്കുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
നിങ്ങൾ(ജനങ്ങൾ) വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കരുത്. പുഷ്പഹാരവുമായി ആരും(രക്ഷാസമിതി അംഗങ്ങൾ) നിൽക്കുന്നില്ല. നിങ്ങൾക്കായി ആരും കാത്തുനിൽക്കുന്നില്ല. ഇസ്ലാം സമൂഹത്തിന്റെ കാവൽക്കാർ കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. സാന്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണിത്. ലോകത്തെ വിവിധ ജനവിഭാഗങ്ങൾക്ക് വ്യത്യസ്ത താത്പര്യങ്ങളുണ്ട്. നൂറു കോടി ജനങ്ങളുടെ കന്പോളമാണ് ഇന്ത്യ. നിരവധിപ്പേർ അവിടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട് -ഖുറേഷി പറഞ്ഞു. കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരേ യുഎൻ രക്ഷാസമിതിയെ സമീപിക്കുമെന്നു പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.