വൈറ്റ് ഹൗസിലെ വിവരങ്ങൾ ഇസ്രയേൽ ചോർത്തി
Thursday, September 12, 2019 11:50 PM IST
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിനു സമീപം സ്കാനറുകൾ സ്ഥാപിച്ച് സെൽഫോൺ സന്ദേശങ്ങൾ ഇസ്രയേൽ ചോർത്തിയെന്ന് ആരോപണം. ട്രംപ് ഭരണകൂടത്തിലെ ഇന്റലിജൻസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പൊളിറ്റികോ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. ചാരവൃത്തിക്കായി സ്ഥാപിച്ച സ്കാനറുകൾ 2018ൽ തന്നെ പിടിച്ചെടുത്തിരുന്നു. വൈറ്റ്ഹൗസ് പരിസരത്തു മാത്രമല്ല, വാഷിംഗ്ടൺ ഡിസിയിലെ മറ്റു ചില സ്ഥലങ്ങളിലും സ്കാനർ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി.
പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും ഫോണുകൾ ചോർത്തുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേലാണ് ഇതിനു പിന്നിലെന്നും ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തെങ്കിലും ട്രംപ് ഭരണകൂടം ഇസ്രയേലിനെതിരേ നടപടിയെടുത്തില്ല.
പൊളിറ്റികോ റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.യുഎസിൽ ഇസ്രയേൽ ചാരപ്പണി നടത്തുന്നില്ലെന്ന് ഇസ്രേലി വിദേശകാര്യ, ഇന്റലിജൻസ് മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.