ബ്രെക്സിറ്റ്: രാജ്ഞിയോടു നുണ പറഞ്ഞിട്ടില്ലെന്നു ജോൺസൻ
Thursday, September 12, 2019 11:50 PM IST
ലണ്ടൻ: ബ്രെക്സിറ്റ് പ്രശ്നത്തിൽ പ്രധാനമന്ത്രി ബോറീസ് ജോൺസൻ കൂടുതൽ കുരുക്കിലേക്ക്. എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചാണു പാർലമെന്റ് സസ്പെൻഡ്(പ്രൊറോഗ്) ചെയ്യാൻ ജോൺസൻ അനുമതി നേടിയതെന്നു സ്കോട്ടിഷ് കോടതി ബുധനാഴ്ച നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് താൻ രാജ്ഞിയോടു നുണ പറഞ്ഞിട്ടില്ലെന്നു ജോൺസൻ വിശദീകരിച്ചത്.
ഒക്ടോബർ മധ്യംവരെ അഞ്ചാഴ്ചത്തേക്കാണു പാർലമെന്റ് സസ്പെൻഡ് ചെയ്തത്. പുതിയ നിയമനിർമാണ അജൻഡ ഉള്ളതുകൊണ്ടാണ് സസ്പെൻഷനെന്നാണു ജോൺസൻ രാജ്ഞിയെ അറിയിച്ചത്. എന്നാൽ ബ്രെക്സിറ്റ് സംബന്ധിച്ച എംപിമാരുടെ ചോദ്യങ്ങൾ ഒഴിവാക്കുകയായിരുന്നു യഥാർഥ ലക്ഷ്യമെന്നു കോടതി ചൂണ്ടിക്കാട്ടി. സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു.
താങ്കൾ രാജ്ഞിയോടു കള്ളം പറഞ്ഞോ എന്നു ബിബിസി ലേഖകൻ ജോൺസനോടു ചോദിച്ചു. ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. സമാനമായ കേസ് ഇംഗ്ളീഷ് ഹൈക്കോടതി തള്ളിയിട്ടുണ്ടന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്കോട്ടിഷ് കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കരാറില്ലാ ബ്രെക്സിറ്റിന് എതിരേയുള്ള മറ്റൊരു കേസ് നോർത്തേൺ അയർലൻഡിലെ കോടതി തള്ളി.
സ്കോട്ടിഷ് കോടതി വിധി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നു ജോൺസൻ മന്ത്രിസഭയിലെ ചില അംഗങ്ങൾ ആരോപിച്ചു. ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ മഹത്തരമാണെന്നും അതിനെ തള്ളിപ്പറയില്ലെന്നും ജോൺസൻ പ്രതികരിച്ചു.
യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി പുതിയ ബ്രെക്സിറ്റ് കരാറുണ്ടാക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. കരാറുണ്ടാക്കാനായില്ലെങ്കിൽ ഒക്ടോബർ 31നു കരാറില്ലാതെതന്നെ ബ്രെക്സിറ്റ് നടപ്പാക്കും.
കരാറില്ലാത്ത ബ്രെക്സിറ്റ് ബ്രിട്ടനെ സാന്പത്തിക അരാജകത്വത്തിലേക്കു തള്ളിവിടുമെന്നു ചൂണ്ടിക്കാട്ടുന്ന സർക്കാരിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.