ഹംസ ബിൻലാദനെ യുഎസ് വധിച്ചു: ട്രംപ്
Saturday, September 14, 2019 11:01 PM IST
വാഷിംഗ്ടൺ ഡിസി: അൽക്വയ്ദ തലവൻ ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ വധിക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അഫ്ഗാൻ-പാക് മേഖലയിൽ അമേരിക്കൻ സേന നടത്തിയ ഓപറേഷനിലാണ് കൊല്ലപ്പെട്ടത്. എവിടെവച്ച്, എങ്ങനെ കൊല്ലപ്പെട്ടുവെന്നതു സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിന് ട്രംപ് തയാറായില്ല.
മുപ്പതിനടുത്ത് പ്രായം അനുമാനിക്കപ്പെടുന്ന ഹംസ, ഉസാമ ബിൻലാദന്റെ 20 മക്കളിൽ പതിനഞ്ചാമനാണ്. അൽക്വയ്ദ നേതൃനിരയിലെ അപകടകാരിയായി ഉയർന്ന ഇയാളുടെ തലയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് ഫെബ്രുവരിയിൽ 10 ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇയാളെ യുഎസ് സേന വധിച്ചതായ റിപ്പോർട്ടുകൾ മുന്പും വന്നിട്ടുണ്ട്.
അൽക്വയ്ദാ നേതൃനിരയിലേക്ക് ഉസാമ തന്നെയാണ് ഹംസയെ പിടിച്ചുയർത്തിയത്. അഫ്ഗാനിസ്ഥാനിൽവച്ച് ഇയാൾ ആയുധപരിശീലനമടക്കം നേടി.
പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിച്ചുകഴിയുകയായിരുന്ന ഉസാമ ബിൻ ലാദനെ യുഎസ് സേന 2011 മേയിൽ രഹസ്യ ഓപറേഷനിൽ വധിച്ചതിനു പ്രതികാരം ചെയ്യണമെന്നാവശ്യപ്പെടുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ ഹംസ പുറത്തുവിട്ടിരുന്നു.
ഹംസയുടെ അവസാന സന്ദേശം പുറത്തുവന്നത് 2018ലാണ്. സൗദിക്കെതിരേ ഭീഷണി മുഴക്കിയായിരുന്നു ഈ സന്ദേശം. ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് തകർച്ചയുടെ വക്കിലെത്തിയപ്പോൾ അൽക്വയ്ദയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഹംസയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.