അൽക്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മേധാവി അസിം ഉമർ കൊല്ലപ്പെട്ടു
Wednesday, October 9, 2019 12:44 AM IST
കാബൂൾ :അൽക്വയ്ദ ഭീകര സംഘടയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മേധാവി അസിം ഉമർ കൊല്ലപ്പെട്ടു. സെപ്റ്റംബറിൽ ഹെൽമന്ദ് പ്രവിശ്യയിൽ യുഎസ്- അഫ്ഗാൻസൈനികർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഉമർ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ സുരക്ഷാവകുപ്പ് അറിയിച്ചു. മൂസാഖാല ഡിസ്ട്രിക്ടിലെ ഒളിത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ആറ് അൽക്വയ്ദാ പ്രവർത്തകരും കൊല്ലപ്പെട്ടു. ഇവരിൽ അയ്മൻ അൽ സവാഹിരിയുടെ സന്ദേശവാഹകനായ റെയ്ഹനും ഉൾപ്പെടുന്നു.ഉമറിനെ യുഎസ് ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിൽ ജനിച്ച ഉമർ പിന്നീട് പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഉമറും കൂട്ടരും കൊല്ലപ്പെട്ട അന്നു തന്നെ പ്രസ്തുത മേഖലയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 40 സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു. ഒരു വിവാഹപാർട്ടിയിൽ പങ്കെടുത്തവരാണു മരിച്ചത്.