ആണവമിസൈൽ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ
Friday, October 11, 2019 12:24 AM IST
സിയൂൾ: ആണവ , ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. അടുത്തയിടെ നടത്തിയ പരീക്ഷണങ്ങളെ അപലപിക്കാൻ രക്ഷാസമിതിയിലെ ചില അംഗങ്ങളുടെ മേൽ അമേരിക്ക സമ്മർദം ചെലുത്തിയെന്നാണ് പോഗ്യാംഗിൻെ ആരോപണം. അമേരിക്കയിൽ നിന്നും ആനുകൂല്യങ്ങൾ നേടാനായിരിക്കും ഉത്തരകൊറിയ പുതിയ ഭീഷണിയുമായി വന്നിരിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.
സ്വീഡനിൽ ഈയിടെ യുഎസ് പ്രതിനിധിയുമായി ഉത്തരകൊറിയൻ പ്രതിനിധി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പുതിയ നിർദേശങ്ങളൊന്നും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണു പരാജയത്തിനു കാരണമെന്ന് ഉത്തരകൊറിയ പറഞ്ഞു. എന്നാൽ, ചർച്ച പരാജയമല്ലായിരുന്നുവെന്നും രണ്ടാഴ്ചയ്ക്കകം വീണ്ടും സംഭാഷണം നടത്താമെന്നാണു പ്രതീക്ഷയെന്നും അമേരിക്ക പറഞ്ഞു.