ചിലിയിൽ മരണം പത്തായി: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിയന്തരാവസ്ഥ
Monday, October 21, 2019 10:55 PM IST
സാന്റിയാഗോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.
തലസ്ഥാനമായ സാന്റിയാഗോയിൽ സമരക്കാർ വസ്ത്രനിർമാണ ഫാക്ടറിക്കു തീവച്ചു. ഇവിടെ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വാൾമാർട്ട് സ്റ്റോറിലും അക്രമികൾ തീയിട്ടു. രണ്ടു സ്ത്രീകൾ മരിച്ചു. മറ്റു പലേടത്തും അക്രമം നടന്നു. സമരക്കാർ ബസുകൾക്കു തീയിടുകയും മെട്രോ സ്റ്റേഷനുകൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാൽപരെയ്സോ, താൽകാ, ചില്ലാൻ, ടെമുകോ, പാദ്രേ ലാസ് കാസാസ് എന്നിവിടങ്ങളിലേക്കുകൂടി അടിയന്തരാവസ്ഥ വ്യാപിപ്പിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. തലസ്ഥാനമായ സാന്റിയാഗോയിൽ നേരത്തെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
മെട്രോയിലും ബസുകളിലും ചാർജ് വർധന പ്രഖ്യാപിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് പ്രക്ഷോഭം തുടങ്ങിയത്. സമരം ശക്തമായതിനെത്തുടർന്ന് മെട്രോ ചാർജ് വർധന പിൻവലിച്ചെങ്കിലും സമരക്കാരെ അനുനയിപ്പിക്കാനായില്ല. വിലക്കയറ്റം, സാമൂഹിക അസമത്വം തുടങ്ങിയവയ്ക്കെതിരേയാണു തങ്ങളുടെ പോരാട്ടമെന്നു സമരനേതാക്കൾ വ്യക്തമാക്കി.
പലേടത്തും പോലീസും സമരക്കാരും ഏറ്റുമുട്ടി. സാന്റിയാഗോയിൽ മെട്രോ സർവീസ് നിലച്ചു. കടകൾ അടച്ചിട്ടിരിക്കുകയാണ്. അന്തർദേശീയ വിമാനത്താവളത്തിൽനിന്നുള്ള നിരവധി ഫ്ളൈറ്റുകൾ മുടങ്ങി. നഗരത്തിൽ സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്.