അൽ ബാഗ്ദാദിയുടെ സഹോദരിയെ തുർക്കി സേന അറസ്റ്റ് ചെയ്തു
Wednesday, November 6, 2019 12:00 AM IST
ഇസ്താംബു: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ട അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദി(65)നെ തുർക്കി സൈന്യം അറസ്റ്റ് ചെയ്തു. വടക്കൻ സിറിയയിലെ അസാസ് പട്ടണപ്രാന്തത്തിൽ ഒരു ട്രെയ്ലർ കണ്ടെയ്നറിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് പേരു വെളിപ്പെടുത്താത്ത തുർക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
അസാസ് പട്ടണം സിറിയയുടെ ഭാഗമാണെങ്കിലും 2016 മുതൽ തുർക്കിയുടെ നിയന്ത്രണത്തിലാണ്. റസ്മിയയുടെ ഭർത്താവ്, മകളുടെ ഭർത്താവ്, അഞ്ച് ചെറുമക്കൾ എന്നിവരും പിടിയിലായതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഒപ്പം നാല് ഇറാക്കി പൗരന്മാരെക്കൂടി അറസ്റ്റ് ചെയ്തെങ്കിലും ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
രഹസ്യവിവരങ്ങളുടെ സ്വർണഖനിയാണു ലഭിച്ചിരിക്കുന്നതെന്ന് അറസ്റ്റ് വിവരം അറിയിച്ച തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിലെ കൂടുതൽ അംഗങ്ങളെ പിടികൂടാൻ റസ്മിയയുടെ അറസ്റ്റ് സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യുഎസ് സേന സിറിയയിലെ ഇഡ്ലിബിൽ നടത്തിയ റെയ്ഡിലാണ് ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫയായിരുന അൽ ബാഗ്ദാദി കൊല്ലപ്പെട്ടത്.
അൽ ബാഗ്ദാദിയുടെ ഉറ്റ അനുയായി ഉൾപ്പെടെയുള്ളവരിൽനിന്നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎസ് ഡെൽറ്റാഫോഴ്സ് സൈനികർ ഇഡ്ലിബിലെ ബാരിഷ ഗ്രാമത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. സൈനികരിൽനിന്നു രക്ഷനേടാനായി തുരങ്കത്തിലേക്ക് ഒാടിക്കയറിയ അൽ ബാഗ്ദാദി സ്ഫോടകവസ്തു പൊട്ടിച്ച് സ്വയം ജീവനൊടുക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒക്ടോബർ 27നാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചത്.