ഇംപീച്ച്മെന്റ് തെളിവെടുപ്പ് ;സംപ്രേഷണംകാണാൻ നേരമില്ലെന്നു ട്രംപ്
Thursday, November 14, 2019 11:21 PM IST
വാഷിംഗ്ടൺ ഡിസി: ഇംപീച്ച്മെന്റ് അന്വേഷണവുമായി ബന്ധപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ് കമ്മിറ്റി മുന്പാകെയുള്ള പരസ്യ തെളിവെടുപ്പ് ബുധനാഴ്ച ആരംഭിച്ചു.
ടിവി ചാനലുകൾ ഇതിന്റെ തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. ഈ സംപ്രേഷണം ഒരു നിമിഷം പോലും കണ്ടില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
തുർക്കി പ്രസിഡന്റ് എർദോഗനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. സംപ്രേഷണം കാണുന്നതിനേക്കാൾ പ്രധാനപ്പെട്ടതായിരുന്നു എർദോഗനുമായുള്ള കൂടിക്കാഴ്ചയെന്ന് ട്രംപ് പറഞ്ഞു. ഇംപീച്ച്മെന്റ് നടപടികൾ തമാശയും തട്ടിപ്പുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇംപീച്ച്മെന്റ് നടപടികൾ കണ്ടില്ലെന്നു പറഞ്ഞെങ്കിലും ഇതിന്റെ വീഡിയോകൾ ട്രംപ് റീട്വീറ്റ് ചെയ്തു.
മുൻ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും പുത്രൻ ഹണ്ടർക്കുമെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിനോട് ട്രംപ് ഫോണിൽ നിർദേശിച്ചുവെന്ന ആരോപണത്തിലാണ് പ്രതിപക്ഷ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് അന്വേഷണ നടപടികൾ ആരംഭിച്ചത്.അടുത്ത തെരഞ്ഞെടുപ്പിൽ ബൈഡൻ ഡെമോക്രാറ്റിക് ടിക്കറ്റിനു ശ്രമിക്കുന്നുണ്ട്. ഈ അവസരത്തിൽ അദ്ദേഹത്തെ താറടിക്കാനാണു ട്രംപ് ശ്രമിക്കുന്നതെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.
ഇതേസമയം, യുക്രെയിനിലെ ആക്ടിംഗ് യുഎസ് സ്ഥാനപതി വില്യം ടെയ്ലർ ബുധനാഴ്ച നൽകിയ മൊഴി ട്രംപിന് ഏറെ ദോഷകരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. യുക്രെയ്നേക്കാൾ ട്രംപിനു പ്രധാനപ്പെട്ടത് ബൈഡന് എതിരേയുള്ള അന്വേഷണമാണെന്ന് ടെയ്ലർ പറഞ്ഞു.