നവാസ് ഷരീഫ് ചികിത്സയ്ക്കായി നാളെ ലണ്ടനിലേക്ക്
Monday, November 18, 2019 12:22 AM IST
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച എയർ ആംബുലൻസിൽ ബ്രിട്ടനിലേക്കു കൊണ്ടുപോകും. വിദേശയാത്രാ വിലക്കുള്ളവരുടെ പട്ടികയിൽനിന്ന് ഷരീഫിന്റെ പേരു നീക്കം ചെയ്യാൻ ശനിയാഴ്ച ലാഹോർ ഹൈക്കോടതി ഉത്തരവിട്ടു. തിരിച്ചുവരുമെന്നതിന് ഉറപ്പായി ബോണ്ടു നൽകണമെന്ന കാബിനറ്റിന്റെ നിബന്ധന കോടതി റദ്ദാക്കിയത് ഇമ്രാൻ ഭരണകൂടത്തിനു തിരിച്ചടിയായി. നാലാഴ്ചയ്ക്കുശേഷവും ഡോക്ടമാർ ശിപാർശ ചെയ്താൽ ഷരീഫിന് വിദേശത്തു ചികിത്സ തുടരാം.
ഷരീഫിന്റെ സഹോദരനും മുൻ പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബ്രിട്ടനിലെ ചികിത്സയ്ക്കുശേഷം ആവശ്യമെങ്കിൽ തുടർചികിത്സയ്ക്കായി ഷരീഫ് യുഎസിലേക്കു പോയേക്കുമെന്ന് പിഎംഎൽ-എൻ വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു. ലാഹോറിലെ ജതി ഉമ്രായിലെ വസതിയിലെത്തി ഡോക്ടർമാർ ഇന്നലെ ഷരീഫിനെ പരിശോധിച്ച് യാത്രയ്ക്കു പറ്റിയ ആരോഗ്യസ്ഥിതിയുണ്ടെന്നു സ്ഥിരീകരിച്ചു.
രക്തത്തിലെ പ്ളേറ്റ്ലെറ്റുകൾ ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്നാണ് എൻഎബി കസ്റ്റഡിയിൽ നിന്ന് ഷരീഫിനെ ലാഹോറിലെ സർവീസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്നു ഡോക്ടർമാർ പറഞ്ഞു.