ഇംപീച്ചുമെന്റ് അന്വേഷണം; മൊഴി നൽകുന്നകാര്യം പരിഗണിക്കും: ട്രംപ്
Monday, November 18, 2019 11:25 PM IST
വാഷിംഗ്ടൺ: ഇംപീച്ചുമെന്റ് അന്വേഷണത്തിന്റെ തെളിവെടുപ്പിൽ മൊഴി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനെതിരേ അന്വേഷണം നടത്തുന്ന ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭാ കമ്മിറ്റി മുന്പാകെ ഹാജരായി സത്യം തുറന്നു പറയണമെന്നു സ്പീക്കർ നാൻസി പെലോസി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റു ചെയ്തത്.
മൊഴി എഴുതി നൽകാമെന്നും പെലോസി പറഞ്ഞിട്ടുണ്ട്. താൻ തെറ്റു ചെയ്തിട്ടില്ല. നിയമാനുസൃതമല്ലാതെ നടത്തുന്ന തെളിവെടുപ്പിനു വിശ്വാസ്യത നൽകാനും ആഗ്രഹിക്കുന്നില്ല. എന്നാൽ പെലോസി മുന്നോട്ടുവച്ച ആശയത്തിൽ താത്പര്യമുണ്ട്. അതിനാൽ മൊഴി നൽകുന്ന കാര്യം ഗൗരവപൂർവം പരിഗണിക്കും- ട്രംപ് ചൂണ്ടിക്കാട്ടി. മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റുമായ ജോ ബൈഡനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബൈഡനും പുത്രനുമെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് അന്വേഷണത്തിന് ജനപ്രതിനിധിസഭ തുടക്കം കുറിച്ചത്.
ട്രംപ് അധികാരദുർവിനിയോഗം നടത്തിയെന്നു ഡെമോക്രാറ്റുകൾ ആരോപിച്ചു.ആദ്യം രഹസ്യമായാണു തെളിവെടുപ്പ് നടത്തിയത്. ഇപ്പോൾ തെളിവെടുപ്പ് ടിവിയിൽ സംപ്രേഷണം ചെയ്യുകയാണ്.