മുഷാറഫിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
Tuesday, January 14, 2020 12:02 AM IST
ലാഹോർ: രാജ്യ ദ്രോഹക്കേസിൽ മുൻ പാക് സൈനിക മേധാവിയും പ്രസിഡന്റുമായ ജനറൽ പർവേസ് മുഷാറഫിനെ വധശിക്ഷയ്ക്കു വിധിച്ച സ്പെഷൽ ട്രൈബ്യൂണലിന്റെ വിധി ലാഹോർ ഹൈക്കോടതി അസാധുവാക്കി. സ്പെഷൽ ട്രൈബ്യൂണലിന്റെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞു. പരാതി നൽകിയതും ട്രൈബ്യൂണൽ രൂപീകരിച്ചതും പ്രോസിക്യൂഷൻ ടീമിനെ തെരഞ്ഞെടുത്തതും എല്ലാം നിയമവിരുദ്ധമാണ്.
ട്രൈബ്യൂണൽ വിധിക്കെതിരേ മുഷാറഫിന്റെ വക്കീലാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഷാറഫ് ഗൾഫിൽ പ്രവാസജീവിതം നയിക്കുകയാണ്. ഡിസംബറിൽ ട്രൈബ്യൂണൽ വിധി വന്നയുടൻ തന്നെ സൈന്യവും ഇമ്രാൻസർക്കാരും അതിനെതിരേ രംഗത്തെത്തിയിരുന്നു. സൈന്യത്തിനു ഭരണത്തിൽ നിർണായക സ്വാധീനമുള്ള പാക്കിസ്ഥാനിൽ മുൻ സൈനിക മേധാവിക്ക് ഇത്ര കടുത്തശിക്ഷവിധിച്ചത് ഭരണകൂടത്തെ ഞെട്ടിച്ചു. ലാഹോർ ഹൈക്കോടതി വിധി വന്നതോടെ മുഷാറഫ് പൂർണമായും കുറ്റവിമുക്തനായെന്നും അദ്ദേഹം സ്വതന്ത്രനാണെന്നും ഒരു പ്രോസിക്യൂട്ടർ പറഞ്ഞു.
1999മുതൽ 2008വരെയാണ് ജനറൽ മുഷാറഫ് പാക്കിസ്ഥാനിൽ പ്രസിഡന്റായി ഭരണം നടത്തിയത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിരവധി ജഡ്ജിമാരെ തടവിലാക്കുകയും നൂറോളം ജഡ്ജിമാരെ പുറത്താക്കുകയും ചെയ്തു. ഇംപീച്ച്മെന്റ് ഭീഷണിയെത്തുടർന്ന് 2008ൽ മുഷാറഫ് രാജിവച്ചു. മുഷാറഫിന്റെ കടുത്ത എതിരാളിയും പിഎംഎൽ-എൻ നേതാവുമായ നവാസ് ഷരീഫ് 2013ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫിന്റെ നടപടി രാജ്യദ്രോഹമാണെന്നു ചൂണ്ടിക്കാട്ടി ഷരീഫ് സർക്കാരാണ് കേസ് ഫയൽ ചെയ്തത്.
ഷരീഫ് സർക്കാരിന്റെ നടപടി രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നും സർക്കാരിന്റെയും കാബിനറ്റിന്റെയും അനുമതി പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നുമുള്ള മുഷാറഫിന്റെ വാദം കോടതി തള്ളുകയും അദ്ദേഹത്തിനെതിരേ കുറ്റം ചുമത്തുകയുമായിരുന്നു.
നവാസ് ഷെറീഫിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിന്റെ അജണ്ടയിൽ സ്പെഷൽ ട്രൈബ്യൂണൽ രൂപീകരണകാര്യം പറഞ്ഞിട്ടില്ലെന്ന് അഡീഷണൽ അറ്റോർണി ജനറൽ ഇഷ്ടിയാക് അഹമ്മദ് ഖാൻ ലാഹോർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കാബിനറ്റിന്റെ അനുമതിയില്ലാതെയാണു ട്രൈബ്യൂണൽ രൂപീകരിച്ചത്. അടിയന്തരാവസ്ഥ നിയമപ്രകാരം പൗരാവകാശങ്ങൾ തത്കാലത്തേക്ക് മരവിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അതിനാൽത്തന്നെ മുൻ പ്രസിഡന്റിനെതിരേയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഖാൻ ചൂണ്ടിക്കാട്ടി.