റഷ്യയിൽ മെദ്വെദെവ് സർക്കാർ രാജിവച്ചു
Thursday, January 16, 2020 12:27 AM IST
മോസ്കോ: പ്രധാനമന്ത്രി ദിമിത്രി മെദ്വെദെവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സർക്കാർ രാജിവച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മെദ്വെദെവിനോടു പുടിൻ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ഭരണഘടനാ പരിഷ്കാരം സംബന്ധിച്ച് പ്രസിഡന്റ് പുടിൻ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയതിനു പിന്നാലെയാണു രാജി.
പ്രധാനമന്ത്രിയുടെയും കാബിനറ്റ് അംഗങ്ങളുടെയും നിയമനം അംഗീകരിക്കുന്നതിനുള്ള അധികാരം പാർലമെന്റിനു(ഡ്യൂമ) നൽകുന്നതാണ് പ്രധാന പരിഷ്കാരം. 2024ൽ അധികാരം ഒഴിഞ്ഞാലും ഭരണത്തിലുള്ള പിടി അയയാതിരിക്കാനുള്ള പുടിന്റെ പദ്ധതിയാണു പരിഷ്കാരങ്ങളുടെ പിന്നിലെന്നു നിരീക്ഷകർ കരുതുന്നു.ഭരണഘടനാ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനു മുന്പ് ഹിതപരിശോധന നടത്താനും പദ്ധതിയുണ്ട്.
മോസ്കോ മേയർ സെർജി സോബിയാനിൻ, ഇക്കണോമി മന്ത്രി ദിമിത്രി ഒരെഷ്കിൻ, ഊർജമന്ത്രി അലക്സാണ്ഡർ നോവാക് എന്നിവരുടെ പേരുകളാണു മെദ്വെദെവിനു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്നത്.റഷ്യൻ സുരക്ഷാസമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി മെദ്വെദെവിനെ നിയമിക്കുമെന്നും പുടിൻ അറിയിച്ചു.
നേരിട്ട് പുടിനോട് ഉത്തരവാദിത്വമുള്ള പദവിയാണിത്. പ്രതിരോധ, സുരക്ഷാ കാര്യങ്ങളുടെ ചുമതല മെദ്വെദെവിനായിരിക്കും. ഈ സമിതിയിൽ നിരവധി മന്ത്രിമാരും എംപിമാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാവും. പ്രസിഡന്റാണ് അധ്യക്ഷൻ.
പുടിനോടൊപ്പം ടിവിയിൽ പ്രത്യക്ഷപ്പെട്ടാണ് മെദ്വെദെവ് തന്റെ മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചത്. ഭരണഘടനയ്ക്കു സമൂല മാറ്റം വരുത്തുന്ന പരിഷ്കാരങ്ങളാണു പുടിൻ കൊണ്ടുവന്നിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ സർക്കാർ രാജിവയ്ക്കുന്നതാണ് ഉചിതമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനു മുന്പ് മെദ്വെദെവും പുടിനും തമ്മിൽ ഏറെ സമയം ചർച്ച നടത്തിയിരുന്നുവെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അന്പത്തിനാലുകാരനായ മെദ്വെദെവ് 2008മുതൽ നാലുവർഷം റഷ്യൻ പ്രസിഡന്റായിരുന്നു. പിന്നീട് പുടിനുവേണ്ടി അധികാരം ഒഴിഞ്ഞുകൊടുത്തു പ്രധാനമന്ത്രി പദം സ്വീകരിച്ചു.