അഫ്ഗാനിസ്ഥാനിൽ വെടിനിർത്തലിനു തയാറെന്നു താലിബാൻ
Friday, January 17, 2020 12:07 AM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ വെടിനിർത്തലിനു തയാറാണെന്ന് യുഎസ് പ്രതിനിധി സൽമേ ഖലിസാദിനു നൽകിയ രേഖയിൽ താലിബാൻ ചൂണ്ടിക്കാട്ടി. പത്തുദിവസം വരെ ദീർഘിക്കുന്ന താത്കാലിക വെടിനിർത്തലിനാണ് പദ്ധതി. ഖത്തറിൽ വച്ചാണ് രേഖ ഖലിസാദിനു നൽകിയത്. ഖത്തറിൽ താലിബാന് ഒാഫീസുണ്ട്. യുഎസുമായി ഇതിനകം പലവട്ടം ഇവിടെവച്ച് താലിബാൻ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
അഫ്ഗാൻ സമാധാന ചർച്ചയിൽ കാബൂൾ ഗവൺമെന്റിന്റെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന് ഖലിസാദ് ആവശ്യപ്പെട്ടെങ്കിലും താലിബാൻ വഴങ്ങിയില്ല. അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗം താലിബാന്റെ നിയന്ത്രണത്തിലാണ്. യുഎസ്, അഫ്ഗാൻസൈനികരെ ലക്ഷ്യമിട്ട് മിക്കദിവസങ്ങളിലും താലിബാൻ ആക്രമണം നടത്തുന്നു. ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പിനിടയിൽപ്പെട്ട് നിരവധി സിവിലിയന്മാർക്കും അടുത്തകാലത്ത് ജീവഹാനി നേരിട്ടു.