മഴയെത്തി, ഓസ്ട്രേലിയയ്ക്ക് ആശ്വാസം
Friday, January 17, 2020 12:07 AM IST
മെൽബൺ: കാട്ടുതീയിൽ വെന്തുരുകുന്ന കിഴക്കൻ ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകർന്ന് ഇടിയും മഴയും. എന്നാൽ തീയണയ്ക്കാൻ ഇതു പര്യാപ്തമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 150 എംഎം മഴ പെയ്താലേ തീ അണയ്ക്കാനാവൂ. ന്യൂസൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിലും വിക്ടോറിയ സംസ്ഥാനത്തും ഇന്നലെ 15 മില്ലിമീറ്റർ മഴ പെയ്തു. അടുത്തദിവസങ്ങളിലും മഴയുണ്ടാവുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
കാട്ടുതീയിൽനിന്നുള്ള പുകപടലം മൂലം വായു മലിനീകരണം രൂക്ഷമായ മെൽബൺ നഗരത്തിൽ കനത്തമഴയെത്തുടർന്ന് ചിലേടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. അവലോൺ പ്രാന്തത്തിൽ അരമണിക്കൂറിനുള്ളിൽ 44 എംഎം മഴപെയ്തത് റിക്കാർഡായി.
മഴ പെയ്ത് അന്തരീക്ഷം തണുത്തത് നല്ല വാർത്തയാണെങ്കിലും മണ്ണിടിച്ചിലിനും മറ്റുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എബിസി റിപ്പോർട്ടു ചെയ്തു. മഴയും കാറ്റും മൂലം ചിലേടത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. 130 വിമാന സർവീസുകൾ റദ്ദാക്കിയെന്നു മെൽബൺ എയർപോർട്ട് വക്താവ് അറിയിച്ചു.