ഹോങ്കോംഗിൽ പോലീസിനു മർദനം
Sunday, January 19, 2020 11:23 PM IST
ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകർ ഹോങ്കോംഗിൽ രണ്ടു പോലീസ് ഓഫീസർമാരെ തല്ലിച്ചതച്ചു. ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി പ്രകടനം നടത്തിയവരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. ജനക്കൂട്ടം പോലീസിനു നേർക്ക് കുപ്പികളും ചായവും എറിഞ്ഞു.
ഇതിനിടെ പ്രകടനത്തിന്റെ സംഘാടകരുമായി സംസാരിച്ചുകൊണ്ടിരുന്ന മഫ്തിയിലുള്ള രണ്ടു പോലീസ് ഓഫീസർമാരെ ചിലർ കുടയും വടിയും ഉപയോഗിച്ചു മർദിക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോർട്ടു ചെയ്തു.
ഏഴു മാസമായി തുടരുന്ന സമരം ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയ്ക്കു കനത്ത ആഘാതമേല്പിച്ചു. പോലീസിന്റെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തുക, അറസ്റ്റിലായ ഏഴായിരത്തോളം പേർക്ക് പൊതുമാപ്പു നൽകുക, സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. കൂടുതൽ ജനാധിപത്യ അവകാശങ്ങൾ അനുവദിക്കാൻ ബെയ്ജിംഗും ഹോങ്കോംഗ് ഭരണാധികാരി കാരി ലാമും വിസമ്മതിക്കുകയാണ്.