ശാസ്ത്രജ്ഞർക്കു ഫാസ്റ്റ് ട്രാക്ക് വീസയുമായി ബ്രിട്ടൻ
Tuesday, January 28, 2020 12:15 AM IST
ലണ്ടൻ: ലോകമെങ്ങുമുള്ള മികച്ച ശാസ്ത്രജ്ഞർ, ഗവേഷകർ, ഗണിതശാസ്ത്രജ്ഞർ തുടങ്ങിയവരെ ബ്രിട്ടനിലേക്ക് ആകർഷിക്കുന്നതിനായി വീസാ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. ഇവർക്കായി പുതുതായി ഏർപ്പെടുത്തുന്ന ഫാസ്റ്റ് ട്രാക്ക് വീസ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും. ഗ്ലോബൽ ടാലന്റ് വീസ പദ്ധതി പ്രകാരം നൽകുന്ന ഈ അതിവേഗ വീസകളുടെ എണ്ണത്തിനു പരിധി നിശ്ചയിച്ചിട്ടില്ല.
ബ്രെക്സിറ്റ് നടപ്പാക്കുന്ന സാഹചര്യത്തിൽ കഴിവുള്ളവർക്കായി യുകെയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നതായി ഫാസ്റ്റ്ട്രാക്ക് വീസയുടെ കാര്യം അറിയിച്ചുകൊണ്ടു പ്രധാനമന്ത്രി ബോറീസ് ജോൺസൻ വ്യക്തമാക്കി. യുകെ റിസർച്ച് ആൻഡ് ഇന്നവേഷനായിരിക്കും ഇത്തരം വീസാ അപേക്ഷകളിൽ തീരുമാനം എടുക്കുക.
ശാസ്ത്രപ്രതിഭകൾക്ക് അതിവേഗ വീസ നൽകാനുള്ള തീരുമാനത്തെ ഇന്ത്യൻ വംശജനായ നൊബേൽ പുരസ്കാര ജേതാവ് വെങ്കി രാമകൃഷ്ണൻ സ്വാഗതം ചെയ്തു. യുകെ റോയൽ സൊസൈറ്റി പ്രസിഡന്റാണ് വെങ്കി രാമകൃഷ്ണൻ.