ബുർഖ ഉടൻ നിരോധിക്കണമെന്ന് ശ്രീലങ്കൻ പാർലമെന്റ് കമ്മിറ്റി
Friday, February 21, 2020 11:57 PM IST
കൊളംബോ: മുഖം മറയ്ക്കുന്ന ബുർഖ ഉടൻ നിരോധിക്കണമെന്ന് ശ്രീലങ്കൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തു. മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കണം. ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിറ്റി പഠിച്ചു തയാറാക്കിയ റിപ്പോർട്ടിലാണ് നിർദേശങ്ങൾ.
ബുർഖ നിരോധനം ചില രാജ്യങ്ങളിൽ പ്രാബല്യത്തിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. മുഖാവരണം നീക്കണമെന്നാവശ്യപ്പെടാൻ പോലീസിന് അധികാരം നല്കണം. വിസമ്മതിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നല്കണം.
മതത്തിന്റെയും വശത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമം ഉണ്ടാക്കണം. മതവും വംശവും പേരിൾ ഉൾപ്പെടുത്തിയ പാർട്ടികളെ നിരോധിക്കണം. മദ്രസകളിലെ വിദ്യാർഥികളെ മൂന്നു വർഷത്തിനകം സാധാരണ സ്കൂൾ സംവിധാനത്തിലേക്കു മാറ്റണം. മദ്രസകളെ പ്രത്യേകം നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 21ന് ഒന്പതു ചാവേറുകൾ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ 258 പേരാണു കൊല്ലപ്പെട്ടത്.