മെർക്കലിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്
Tuesday, March 24, 2020 11:43 PM IST
ബെർലിൻ: കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ (65) ആദ്യ പരിശോധനാഫലം നെഗറ്റീവ്. 24 മണിക്കൂറിനുള്ളിൽ നടത്തുന്ന രണ്ടു ഫലങ്ങൾ നെഗറ്റീവായാലാണ് രോഗബാധയില്ലെന്ന് ഉറപ്പിക്കാൻ സാധിക്കുക.
സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച മെർക്കലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കൊറോണവൈറസ് ബാധിച്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ചാൻസലർ നിരീക്ഷണത്തിലാകാൻ കാരണം. എന്നാൽ, ശാരീരിക അവശതകളില്ലാത്തതിനാൽ ക്വാറന്റൈനിലിരുന്നും മെർക്കൽ തന്റെ ജോലികൾ തുടരുകയാണ്. പരിശോധനാഫലം പോസിറ്റീവായാൽ പോലും അവർക്ക് അവശതകളില്ലെങ്കിൽ ചുമതലകളിൽ തുടരാൻ സാധിക്കും.
ജോസ് കുന്പിളുവേലിൽ