സിക്ക് ഗുരുദ്വാരയിൽ ഐഎസ് ആക്രമണം; 25 മരണം
Wednesday, March 25, 2020 11:07 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സിക്കുകാരുടെ ആരാധനാ കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 25 മരണം. ന്യൂനപക്ഷമായ സിക്കുകാർക്കു നേർക്ക് അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സെൻട്രൽ കാബൂളിലെ ഷോർബസാറിലുള്ള ധർമശാല ഗുരുദ്വാരയിൽ ഇന്നലെ രാവിലെ 7.45നാണ് ആക്രമണം ആരംഭിച്ചത്. തോക്കുകളുമായി നാലു ചാവേറുകൾ ഗുരുദ്വാരയ്ക്കുള്ളിൽ കടന്നു. 150 സിക്കുകാർ ഉള്ളിലുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിൽ ക്യാന്പ് ചെയ്യുന്ന വിദേശ സൈനികരടക്കം സ്ഥലത്തുവന്നു. ആറു മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഭീകരരെ വധിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവന പുറപ്പെടുവിച്ചു. ആക്രമണത്തിൽ പങ്കില്ലെന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. സിക്ക് പാർലമെന്റംഗം നരേന്ദർ സിംഗ് ഖൽസ സംഭവ സ്ഥലത്തെത്തി.
ഇസ്ലാമിക് സ്റ്റേറ്റ് ഇതിനു മുന്പും സിക്കുകാരെ ലക്ഷ്യമിട്ടിട്ടുണ്ട്. 2018 ജൂലൈയിൽ ജലാലാബാദിൽ ഹിന്ദു-സിക്ക് കൂട്ടായ്മയ്ക്കു നേരെ ഇവർ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. സിക്ക് സമുദായത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് അവതാർ സിംഗ് ഖൽസയും അന്നു കൊല്ലപ്പെട്ടു.