താലിബാൻ ചർച്ചയ്ക്കുള്ള സംഘത്തെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു
Saturday, March 28, 2020 12:07 AM IST
കാബൂൾ: പതിനെട്ടുവർഷമായി നീണ്ടുനിന്ന അഫ്ഗാൻ-താലിബാൻ സംഘർഷം അവസാനിക്കുന്നതിന് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി താലിബാനുമായി ചർച്ചയ്ക്കുള്ള 21 അംഗസംഘത്തെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. സംഘത്തിൽ അഞ്ചു വനിതകളും ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന് അന്ത്യം കുറിച്ച് അമേരിക്കയും താലിബാനും കഴിഞ്ഞമാസം കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുമായി കൂടിക്കാഴ്ച നടത്താൻ താലിബാൻ ഇതുവരെ തയാറായിട്ടില്ല.
ഇരുപക്ഷവും ചർച്ചയ്ക്കു തയാറായതിനാൽ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ അവരുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്ന് വരുംമാസങ്ങളിൽ പിൻവലിക്കും. മാർച്ച് 10 ന് ഓസ്ലോയിൽ നടന്ന അഫ്ഗാനിസ്ഥാൻ ചർച്ചയിൽ പുതിയ സംഘത്തിന്റെ പ്രഖ്യാപനം നടന്നതാണ്. എന്നാൽ, അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി ഗനി തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിരാളി അബ്ദുള്ള അബ്ദുള്ള രംഗത്തെത്തുകയും സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പഷ്തും ആദിവാസി വിഭാഗക്കാരനായ അഫ്ഗാൻ മുൻ ഇന്റലിജൻസ് മേധാവി മസൂം സ്റ്റനിക്സായിയാണ് ചർച്ചാ സംഘത്തിന്റെ തലവൻ. എന്നാൽ, ഈ സംഘത്തെ അബ്ദുള്ള പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.
തടവുകാരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് അഫ്ഗാൻ ഭരണകൂടവും താലിബാനും നേരിട്ടു ചർച്ച നടത്തുമെന്ന് സർക്കാർ ബുധനാഴ്ച വ്യക്തമാക്കി.