കോവിഡ്; മരിച്ചവരിൽ മൂന്നിലൊന്ന് ഇറ്റലിക്കാർ
Sunday, March 29, 2020 12:00 AM IST
ജനീവ: കോവിഡ്-19 മഹാമാരി തുടങ്ങിയതു ചൈനയിൽ. എന്നാൽ അതിന്റെ ഫലമായി മരണം വരിച്ചവരിൽ മൂന്നിലൊന്ന് ഇറ്റലിക്കാർ. ഇപ്പോൾ രോഗം ബാധിക്കുന്നവരിൽ നാലിലൊന്നിലേറെ അമേരിക്കക്കാർ.
ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് 27,417 പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. ഇതിൽ 9,134 പേർ ഇറ്റലിക്കാരാണ്. 33.3 ശതമാനം.
രോഗബാധയ്ക്കു തുടക്കമിട്ട ചൈനയിലെ മരണസംഖ്യ 3,295. അതായതു മരിച്ചവരിൽ 12.42 ശതമാനം ചൈനക്കാർ.
സ്പെയിനിൽ 5,138 പേർ മരിച്ചു. ഇതു മൊത്തം മരണസംഖ്യയുടെ 18.74 ശതമാനമാണ്.
ഈ ദിവസങ്ങളിൽ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം അസാധാരണമായി വർധിച്ചിട്ടുണ്ട്. മാർച്ച് 12 വരെ ദിവസേന പതിനായിരത്തിൽ താഴെയായിരുന്ന രോഗബാധ 17ന് 15,745-ൽ എത്തി. 20ന് 30,000ലേക്കു കയറി. 23ന് 41,371 ആയി. 27ന് 64,501 ആയി പുതിയ രോഗബാധി തരുടെ സംഖ്യ.
രോഗബാധ വർധിക്കുന്നതിലേക്ക് ഏറ്റവും വലിയ കണക്കുകൾ അമേരിക്കയുടേതാണ്. 26ന് പുതിയ രോഗികളിൽ 28.32 ശതമാനം (17,224 പേർ) അമേരിക്കക്കാരായിരുന്നു. 27ന് അത് 28.98 ശതമാനം (18,691 പേർ) ആയി.
ഇതേസമയം മരണത്തിൽ ഇറ്റലിക്കാരുടെ പങ്ക് ഉയർന്നുതന്നെ തുടരുന്നു. 27ന് മരിച്ച 3271 പേരിൽ 28.09 ശതമാനം (919 പേർ) ഇറ്റലിക്കാരാണ്.