ടെന്പിൾട്ടൺ സമ്മാനം ഡോ. കൊളിൻസിന്
Thursday, May 21, 2020 12:00 AM IST
വാഷിംഗ്ടൺ ഡിസി: നൊബേൽ പുരസ്കാരത്തേക്കാൾ കൂടുതൽ തുക സമ്മാനമായി നൽകുന്ന 2020ലെ ടെന്പിൾട്ടൺ സമ്മാനത്തിന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) ഡയറക്ടർ ഡോ. ഫ്രാൻസിസ് കൊളിൻസ് അർഹനായി. പത്തുകോടി രൂപയാണു സമ്മാനത്തുക.
ശാസ്ത്രജ്ഞനും സർക്കാർ ഉദ്യോഗസ്ഥനും ബുദ്ധിജീവിയുമെന്ന നിലയിൽ ശാസ്ത്രീയ,ആധ്യാത്മിക കാഴ്ചപ്പാടുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഡോ. കൊളിൻസിന്റെ പ്രവർത്തനം ശ്ളാഘനീയമാണെന്ന് സമ്മാനവിവരം പ്രഖ്യാപിച്ച ടെന്പിൾട്ടൺ ഫൗണ്ടേഷൻ പ്രസിഡന്റ് ഹെദർ ടെന്പിൾട്ടൺ ഡിൽ പറഞ്ഞു.
ഹ്യൂമൻ ജീനോം മാപ്പിംഗ് പ്രൊജക്ടിനു നേതൃത്വം നൽകിയ ഡോ.കൊളിൻസ്(70) ക്രൈസ്തവവിശ്വാസവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്ന കാഴ്ചപ്പാടിന്റെ ഉടമയാണ്. ദ ലാഗ്വേംജ് ഓഫ് ഗോഡ്(ദൈവത്തിന്റെ ഭാഷ) എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെനാൾ ബസ്റ്റ് സെല്ലർ ലിസ്റ്റിലുണ്ടായിരുന്നു. വിശുദ്ധ മദർ തെരേസ, ദലൈലാമ,ആർച്ച് ബിഷപ് ഡസ്മണ്ട് ടുട്ടു, ബില്ലി ഗ്രഹാം, അലക്സാണ്ഡർ സോൾഷെനിറ്റ്സൻ തുടങ്ങിയവരാണ് മുൻ ടെന്പിൾട്ടൺ സമ്മാനജേതാക്കൾ.