ദക്ഷിണാഫ്രിക്കയിൽ അഞ്ചുപേർ വെടിയേറ്റു മരിച്ചു
Sunday, July 12, 2020 12:24 AM IST
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഒരു പെന്തക്കോസ്റ്റൽ പള്ളിയിലുണ്ടായ ബന്ദിനാടകത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സൂർബെക്കോമിലെ പെന്തകോസ്റ്റൽ ഹോളിനെസ് ചർച്ചിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഇവിടെ വെടിവയ്പുണ്ടായെന്ന റിപ്പോർട്ടിനെത്തുടർന്ന് പോലീസും പട്ടാളവും എത്തി. ബന്ദികളാക്കപ്പെട്ട വനിതകളും കുട്ടികളും അടക്കമുള്ളവരെ രക്ഷിച്ചു.
വെടിയേറ്റു മരിച്ച അഞ്ചു പേരെ രണ്ടു കാറുകളിലാണു കണ്ടെത്തിയത്. 30 തോക്കുകൾ സ്ഥലത്തുനിന്നു കണ്ടെടുത്തു. ഇടവകാംഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വെടിവയ്പിൽ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ സുരക്ഷാസേനയിലെ അംഗങ്ങളും ഉൾപ്പെടുന്നു.