“ വാവേ നിരോധത്തിനു പിന്നിൽ ഞാൻ”
Thursday, July 16, 2020 12:05 AM IST
വാഷിംഗ്ടൺ ഡിസി/ ലണ്ടൻ: ചൈനീസ് ടെക് ഭീമൻ വാവേയ്ക്കു ബ്രിട്ടൻ വിലക്കേർപ്പെടുത്തിയതിനു പിന്നിൽ താനാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. എന്നാൽ ട്രംപിന്റെ അവകാശവാദം ബ്രിട്ടൻ തള്ളിക്കളഞ്ഞു. സുരക്ഷ സംബന്ധിച്ച് ബ്രിട്ടനുള്ള ആശങ്കകളാണ് നടപടിക്കു പ്രേരിപ്പിച്ചതെന്ന് അവർ വിശദീകരിച്ചു.
ബ്രിട്ടന്റെ 5ജി പദ്ധതിയിൽനിന്ന് വാവേ ഉപകരണങ്ങൾ 2027നകം പൂർണമായി ഒഴിവാക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച ഉത്തരവിട്ടത്.
വാവേയുടെ ഉപകരണങ്ങൾ വൻ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇക്കാര്യം പല രാജ്യങ്ങളുമായി ചർച്ച ചെയ്തിരുന്നു. യുഎസുമായി ബിസിനസ് തുടരണമെങ്കിൽ വാവേയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അതാണ് യുകെയുടെ നടപടിക്കു പിന്നിലെന്ന് ട്രംപ് പറഞ്ഞു.