യുഎസിൽ കോവിഡ് മരണം ഒന്നര ലക്ഷം കടന്നു
Thursday, July 30, 2020 10:48 PM IST
വാഷിംഗ്ടൺ ഡിസി: യുഎസിൽ കോവിഡ് മരണം ഒന്നരലക്ഷം കടന്നു. ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച് ബുധനാഴ്ച മരണസംഖ്യ 1,50,676 ആയി. രാജ്യത്ത് 44,26,000 പേർക്കു രോഗം സ്ഥിരീകരിച്ചു.
ഫെബ്രുവരി 29 നാണ് യുഎസിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 54 ദിവസത്തിനു ശേഷം ഏപ്രിൽ 23ന് മരണസംഖ്യ 50,000 ആയി. 34 ദിവസത്തിനുശേഷം മേയ് 27ന് മരണം ഒരു ലക്ഷം കടന്നു. കോവിഡ്-19 മഹാമാരിയെ നേരിട്ട് മരണസംഖ്യ കുറയ്ക്കാൻ രാജ്യത്തിന് ഇതുവരെയായിട്ടില്ലെന്ന് ഹാർവഡ് ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ആശിഷ് ഝാ പറഞ്ഞു.
ബുധനാഴ്ച ഫ്ലോറിഡയിൽ 216 ഉം കലിഫോർണിയയിൽ 197 ഉം കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.